ഒരു മോട്ടിവേഷണൽ കഥ.

Social Media സാഹിത്യം

ഒരു മിട്ടായി കമ്പനി. 100 + വർഷം പഴക്കം ഉള്ളതാണ്. സ്ഥാപകന്റെ ചെറുമകന്റെ ചെറുമകൻ ആണ് നിലവിലെ ചെയർമാൻ. അദ്ദേഹത്തിന്റെ മകൻ മാനേജിങ് ഡയറക്ടർ.

അങ്ങനെ ഇരിക്കെ, ഉപഭോക്താക്കളിൽ നിന്ന് നിരന്തരം പരാതി. ഒരു ജാർ നിറയെ മിട്ടായി വാങ്ങിയാൽ അതിൽ പല പാക്കറ്റിലും മിട്ടായി ഇല്ല. വെറും കാലി പാക്കറ്റ് മാത്രം ! ( ഇതാണ് കസ്റ്റമർ ഫീഡ്ബാക്ക് )

എന്നാൽപ്പിന്നെ അതൊന്ന് അനേഷിച്ചു കാരണം കണ്ടു പിടിക്കാൻ മാനേജ്മെന്റ് ഓപ്പറേഷൻസ് മേധാവിയെ ചുമത്തപ്പെടുത്തി. അത് മിട്ടായി നിർമിക്കുന്ന ജർമൻ നിർമ്മിത യന്ത്രത്തിന്റെ കുഴപ്പമാണ് എന്നായിരുന്നു കണ്ടെത്തൽ !( കുഴപ്പം നമ്മുടെ അല്ല, യന്ത്രം തന്നവന്റെ ആണ് എന്നുള്ള കോർപ്പറേറ്റ് പൂഴിക്കടകൻ )

പരിഹാരം അന്വേഷിച്ചു ജർമനിക്ക് കാൾ പോയി. അവർക്കും ഈ പ്രശ്നം ഉണ്ട്. ( മുൻ‌കൂർ ജാമ്യം ) എന്നാൽ, മൊത്തത്തിൽ ഉണ്ടാക്കുന്ന പ്രൊഡക്ടിന്റെ വെറും 0.1% ശതമാനത്തിൽ മാത്രമേ ഇങ്ങനെ കാലി പാക്കറ്റുകൾ കയറിപ്പറ്റുന്നുള്ളു.

അവരും ഇത് ശരിയാക്കാൻ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണത്രെ ! ഫലം ലഭിക്കാൻ ഇനിയും 2 വർഷം എടുക്കും പോലും ! ( സ്വന്തം പെർഫോമൻസ് മെച്ചപ്പെടുത്താൻ ഏതറ്റവും വരെ പോകണം. അതാണ് ഡെഡിക്കേഷൻ )

വീണ്ടും മാനേജ്മെന്റ് മീറ്റിംഗ്. ചെയർമാൻ വിഷണ്ണൻ ആണ്. അച്ഛനപ്പൂപ്പന്മാർ ആയിട്ട് ഉണ്ടാക്കിയിട്ട സ്ഥാപനത്തിന്റെ സൽപ്പേരിന്റെ പ്രശ്നമാണ്.(ഇതാണ് ലെഗസി നിലനിർത്തുക എന്നുള്ളത്. എന്ത് വില കൊടുത്തും മാനം പോകാതെ നോക്കിയാലേ പറ്റൂ )

സ്വന്തം നിലക്ക് പരിഹാരം കണ്ടെത്തിയേ പറ്റൂ. ഓപ്പറേഷൻസ് മേധാവി ഒരു പരിഹാരം മുന്നോട്ട് വെച്ചു : സിസ്റ്റം ഓട്ടോമേഷൻ ! ( എളുപ്പ വഴി ) അതാകുമ്പോ ഉടനടി പരിഹാരം ! ചിലവ് വെറും 1 മില്യൺ ഡോളർ, അഥവാ 7 കോടി രൂപ ! 7 അല്ല, 70 കോടി ചിലവായാലും വേണ്ടില്ല, ഉടനേ നടപ്പിലാക്കാൻ ചെയർമാൻ നിർദേശം കൊടുത്തു. (ഇത് അഭിമാന പ്രശ്നം )

ചെറിയ മുറുമുറുപ്പ് ഉണ്ടാക്കിയ ഫിനാൻസ് മാനേജർ ചെയർമാന്റെ ദഹിപ്പിക്കുന്ന നോട്ടത്തിൽ നിശബ്ദനായി. ( കണക്കെഴുതാൻ വന്നവൻ കണക്ക് എഴുതിട്ട് പോകണം. ബിസിനസ്‌ പ്ലാൻ ഉണ്ടാക്കാൻ നിൽക്കരുത്. എന്റെ പണം ഞാൻ എന്റെ കമ്പനിക്ക് വേണ്ടി തോന്നിയ പോലെ ചിലവഴിക്കും. മിണ്ടിപ്പോകരുത്, കൊല്ലും ഞാൻ )

അങ്ങനെ അമേരിക്കയിൽ നിന്ന് ലോകത്തിലെ തന്നെ നല്ല മുന്തിയ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ ചെയ്യുന്ന കമ്പനി എത്തി, സിസ്റ്റം സ്ഥാപിച്ചു. ഇപ്പോൾ എല്ലാം ഡബിൾ ഓക്കേ ആയി. ( സാക്ഷാൽ വിശ്വകർമാവ് മനുഷ്യ രൂപത്തിൽ )

കുറച്ചു വർഷങ്ങൾ കഴിഞ്ഞു. ഒരു ദിവസം ഓട്ടോമേഷൻ സിസ്റ്റം പണിമുടക്കി. അത് നന്നാക്കാൻ ആള് എത്താൻ ഒരാഴ്ച എങ്കിലും എടുക്കും. ( വാർഷിക മൈന്റെനൻസ് കോണ്ട്രാക്റ്റ് പുതുക്കിയില്ല ).

തൽക്കാലം പഴയത് പോലെ ഓപ്പറേറ്റ് ചെയ്യട്ടെ എന്ന് മാനേജ്മെന്റ് തീരുമാനം നടപ്പിലായി.

രണ്ടു ദിവസം കഴിഞ്ഞു. ചെയർമാൻ ഇൻസ്‌പെക്ഷൻ നടത്താൻ പാക്കിംഗ് സെക്ഷനിൽ എത്തി. നോക്കുമ്പോൾ കൺവെയർ ബെൽറ്റിനടുത്തു ഒരു ടേബിൾ ഫാൻ ആരോ കൊണ്ടു വെച്ചിരിക്കുന്നു. അതിന്റെ കാറ്റേറ്റ് കാലി പാക്കറ്റുകൾ പറന്നു പോകുന്നു. ബാക്കി മിട്ടായി ഉള്ള പാക്കറ്റുകൾ കൃത്യമായി കൺവെയെർ ബെൽറ്റ്‌ വഴി കളക്ഷൻ ബിന്നിൽ വീഴുന്നു.

ചെയർമാന് ആശ്ചര്യമായി. ആരാണിത് ചെയ്തത്? സെക്ഷൻ ഹെഡിനോട് ആയിരുന്നു ചോദ്യം. സർ, ഈ ആഴ്ച പുതിയതായി ജോയിൻ ചെയ്ത പാക്കിംഗ് ട്രെയിനി ആണ്.

അയാളെ ഒന്ന് നേരിട്ട് കാണണമെന്ന് ചെയർമാൻ.

ആളെത്തി. സുമാർ 23 വയസ്സ് പ്രായം വരുന്നൊരു പൊടിയൻ പയ്യൻ !

ഏത് വരെ പഠിച്ചു?

സർ, ബിടെക് മെക്കാനിക്കൽ. ഇനിയും പേപ്പർ കിട്ടാനുണ്ട്. സാങ്കേതികമായി പറഞ്ഞാൽ പ്ലസ് ടു ആണ് യോഗ്യത.

അങ്ങനെയാണോ?

പേപ്പർ മൊത്തം എഴുതി എടുക്കുന്ന വരെ തല്ക്കാലം ഈ ജോലി ചെയ്യാമെന്ന് വെച്ചു. വീട്ടുകാരെ ബുദ്ധിമുട്ടിക്കാൻ വയ്യ. ( സ്വന്തം കാലിൽ നിൽക്കാൻ പഠിക്കുന്നത് വളരെ വളരെ നല്ലതാണ് ).

ശരി. പേപ്പർ എഴുതി എടുത്തിട്ട് ഇവിടെ തന്നെ സ്ഥിരമായി എഞ്ചിനീയർ തസ്തികയിൽ ജോലിക്ക് കേറിക്കോ. ഞാൻ HR മാനേജർക്ക് ഇമെയിൽ അയക്കാം. മിടുക്കൻ !

ഗുണപാഠം : സാമാന്യ യുക്തി ഉണ്ടെങ്കിൽ ജീവിതത്തിൽ വിജയം കൈവരിക്കാം.

മൂലകഥ എന്റെ മാർക്കറ്റിംഗ് ഗുരു വിനോദ് കുമാർ സർ 2003ൽ പറഞ്ഞത്.

കടപ്പാട് : Ayush Sasidharan ( facebook)

Leave a Reply

Your email address will not be published. Required fields are marked *