കണ്ണു നിറയ്ക്കുന്ന ഒരു പ്രവാസ കഥ… ഫേസ്‌ബുക്കിൽ നിന്നും

Social Media പ്രവാസം സാഹിത്യം

ഡ്യൂട്ടി കഴിഞ്ഞ് റൂമിലെത്തിയപ്പോൾ സുലൈമാൻക്കയുണ്ട് എല്ലാർക്കും പായസം വിതരണം ചെയ്യുന്നു. പത്ത് പേരുള്ള ഞങ്ങളുടെ റൂമിലെ കാരണവരാണ് സുലൈമാൻക്ക..!!

ഞങ്ങളെ സ്നേഹത്തോടെ മക്കളേ എന്നേ വിളിക്കു.

വിശേഷമെന്തെന്ന് ചോദിച്ചപ്പോൾ

മൂപ്പര് പറയുകയാ.. ” മക്കളേ…

ഞാൻ സൗദിയിലെത്തീട്ട്

40 കൊല്ലം തികഞ്ഞ ദിവസമാ ഇന്ന്.

20 വയസ്സിൽ വന്നതാ. 1977 ൽ. പല ജോലിയും ചെയ്തു. ഇടക്ക് പ്രവാസം നിർത്തി.

നാട്ടിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.

വീണ്ടും വണ്ടി കയറി. നരവന്നു തുടങ്ങിയ കഷണ്ടിതല തടവിക്കൊണ്ട് സുലൈമാൻക്ക പറഞ്ഞു.

രണ്ട് മക്കളെയും രണ്ട് പെങ്ങൻമാരെയും കെട്ടിച്ചയച്ചു. പുരയുണ്ടാക്കി. അൽഹംദുലില്ലാഹ്…

ഇനി നാട് പിടിക്കണം.

ആ കണ്ണൂകളിൽ നോക്കി മധുര പായസം നുണയുമ്പോഴും എന്തോ കയ്പുള്ളത് പോലെ തോന്നി എനിക്ക്.

അന്ന് മൂപ്പർ വീട്ടുകാരത്തിക്ക് ഫോൺ ചെയ്തു.

“എടീ …

ഇന്നേക്ക് 40 കൊല്ലമായി ഞാൻ ഗൾഫിൽ വന്നിട്ട് .

ഇൻശാ അല്ലാഹ്… അടുത്ത മാസം നിർത്തി പോരാൻ തീരുമാനിച്ചു. ”

” നിങ്ങള് എന്ത് പിരാന്താ ഈ പറയണ്. പോയിട്ട് ഒരു കൊല്ലമല്ലേ ആയിട്ടുള്ളൂ. ഞമ്മളെ അടുക്കളയും വർക്കേരിയയും മാർബിൾ നരച്ച് നാശായിക്ക്ണ്.

അത് പോളിഷ് ചെയ്യാൻ പറ്റൂലാന്നാ പണിക്കാരൻ കുട്ടൻ പറഞ്ഞത്.

അത് കുത്തി പൊളിച്ച് ടൈൽസാക്കണം. കുഞ്ഞാവാക്ക് ബൈക്ക് വേണം ന്നാ ഓൻ പായ്ണ് .

നിങ്ങള് രണ്ട് കൊല്ലം കൂടി നിന്നിട്ട് നിർത്തി പോരീ “.

ഒറ്റ ശ്വാസത്തിലാണ് അവൾ ഇതെല്ലാം പറഞ്ഞ് തീർത്തത്.

‘അതെല്ലടീ… നിനക്ക് മാർബിൾ നരച്ചതാ കാര്യം. ഇവിടെ എന്റെ തല നരച്ചു തുടങ്ങി –

കഴിഞ്ഞാഴ്ച എനിക്കൊരു ചെറിയ നെഞ്ചുവേദന പോലെ തോന്നി- ഡോക്ടറെയൊന്നും കാണിച്ചില്ല.

എല്ലാരും പറയണ് ഷുഗർ ഉള്ളത് കൊണ്ട് വേദന ഉണ്ടാവില്ല.

ഒന്ന് ചെക്ക് ചെയ്താളിന്ന്…

” അത് ഗ്യാസിന്റെ സുഖക്കേടാകും.

ഞാൻ ആരെങ്കിലും പോരുന്നെങ്കിൽ വായു ഗുളിക കൊടുത്തയക്കാ . ഇങ്ങള് മൻഷ്യനെ ബേജാറാക്കല്ലി”

റൂമിൽ എല്ലാരും ഭക്ഷണം കഴിച്ച് കിടന്നു. സുലൈമാൻക്കാക്ക് മാത്രം ഉറക്കം വന്നില്ല – തിരിഞ്ഞും മറിഞ്ഞും കിടന്നു. നെഞ്ചിനകത്ത് എന്തോ വേദന വീണ്ടും ശരീരം വിയർക്കുന്നു. മൂപ്പർ എണീറ്റിരുന്നു. കുറച്ച് വെള്ളം കുടിച്ചു. സമാധാനം കിട്ടുന്നില്ല.

ആരെയും വിളിച്ചില്ല. പേനയും കടലാസുമെടുത്ത് എന്തൊക്കെയോ എഴുതി.

കുറച്ച് കൂടി വെള്ളം കുടിച്ചു കിടന്നു.

വേദന ശമിച്ചില്ല.

യാ.. അല്ലാഹ്…

സുബ്ഹിക്ക് എല്ലാരേയും വിളിച്ചുണർത്തുന്ന സുലൈമാൻക്കയുടെ വിളി കേൾക്കാഞ്ഞിട്ട് ഒരാൾ പോയി വിളിച്ചു നോക്കി –

ആ ശരീരം തണുത്തിരുന്നു.

എല്ലാരും ഉണർന്നു ലൈറ്റിട്ടു. മുഖത്തൊരു പുഞ്ചിരിയുമായി ആ പ്രവാസ ജീവിതം അവസാനിച്ചിരിക്കുന്നു.

തൊട്ടടുത്ത് എഴുതി വെച്ച പേപ്പർ ഞങ്ങൾ വായിച്ചു.

” മക്കളേ… എന്തൊക്കെയോ വേദന തോന്നുന്നു. ആരെയും ഉണർത്തുന്നില്ല – നേരം വെളുപ്പിക്കുമെന്ന് ഉറപ്പില്ല. ഞാൻ ഉണർന്നില്ലെങ്കിൽ പിന്നെ എന്റെ ജനാസ നാട്ടിൽ കൊണ്ടു പോകരുത്. പൈസയില്ലാഞ്ഞിട്ടല്ല. എന്റെ സൂട്ട്കെയ്സിൽ പണമുണ്ട്. അത് എന്റെ വീട്ടിലേക്ക് അയച്ചു കൊടുക്കണം. നരച്ച മാർബിൾ മാറ്റി ടൈൽസോ ഗ്രാനൈറ്റോ ഇടാൻ പറയണം.

ഞങ്ങളുടെ കണ്ണിൽ ഇരുട്ട് കയറിയപോലെ. അപ്പോൾ ആ കടലാസിലെ വരികൾ ഞങ്ങളുടെ കണ്ണീർ വീണ് നനഞ്ഞിരുന്നു….

(ഫേസ്‌ബുക്കിൽ വന്നത്… അറിയാത്ത എഴുത്തുകാരന് കടപ്പാട് )

Leave a Reply

Your email address will not be published. Required fields are marked *